2015, മാർച്ച് 29






പ്രണയലേഖനം
(അങ്ങനേം പറയാം)


പ്രിയപ്പെട്ടവളെ,
തമ്മില്‍ പരിചയപ്പെട്ടത്‌ എപ്പോഴാണെന്ന് നിനക്ക് ഓര്‍മ്മയുണ്ടോ.?
അന്ന് നിനക്ക് ഞാനും എനിക്ക് നീയും സഖാവ് ആയിരുന്നു. തമ്മില്‍ പലതും സംസാരിച്ചു അതിനിടയില്‍ എപ്പോഴോ മനസ്സില്‍ നിന്നോട് എനിക്കൊരു ഇഷ്ടം തോന്നിപ്പോയി. ചില കാര്യങ്ങള്‍ മനസ്സില്‍ മാത്രമായി സൂക്ഷിച്ച് വെക്കുന്ന പതിവില്ലാത്തതിനാല്‍ എന്റെ സ്നേഹം നിന്നോട് തുറന്ന് പറയുകയും ചെയ്തു. അന്ന് മുതലാണെന്ന് തോന്നുന്നു, എനിക്കും നിനക്കും ഇടയിലെ അകലം വര്‍ദ്ധിച്ചത്‌. ആ അകലത്തെ കിലോമീറ്ററുകള്‍ കൊണ്ടു അളന്നെടുക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ആ കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ വന്നേനെ നിന്റെ അടുക്കലേക്ക്. പക്ഷെ എനിക്കറിയാം നിനക്ക് എന്നില്‍ നിന്നുമുള്ള ദൂരം നിന്റെ പ്രിയപ്പെട്ടവന് നിന്നോടുള്ള ഇഷ്ടത്തെക്കാള്‍ പതിന്മടങ്ങ് ആണെന്ന്. ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു കൊണ്ടു തന്നെ അനശ്വര പ്രണയകാവ്യത്തെ മുന്‍നിര്‍ത്തി "ഈ രമണനെ കണ്ടെത്താന്‍ ചന്ദ്രിക ഏറെ വൈകിപ്പോയി" എന്ന്‍ നീ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
പ്രിയപ്പെട്ടവളെ നീയെനിക്ക് നല്‍കിയ ആ പ്രതീക്ഷ.....എന്നെങ്കിലും ഒന്നിക്കാമെന്ന ആ വാക്കുകള്‍.....അതാണ്‌ ഇന്നും നീയും ഞാനുമായുള്ള ബന്ധത്തിന് ശക്തി പകരുന്നത്.
ഞാന്‍ കാത്തിരിക്കുന്നു ആകാശത്തോളമുയരത്തില്‍ അഗ്നിപുഷ്പങ്ങള്‍ പൂത്തു നില്‍ക്കുന്ന വാകച്ചുവട്ടില്‍....പ്രണയവും വിരഹവും പരിഭവവും കാത്തിരിപ്പും മൌനവും വാചാലതയും തണല്‍ വിരിച്ച പാതയോരത്ത്‌....എനിക്ക് മാത്രമായി ജ്വലിക്കുന്ന എന്റെ നക്ഷത്രത്തെയും കാത്ത് ഞാനുണ്ടാവും.....നമുക്ക്‌ മാത്രമായുള്ള ചുവന്ന പ്രഭാതത്തിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്ന പ്രതീക്ഷയുമായി.
സ്നേഹപൂര്‍വ്വം..... <3


(NB: പ്രണയദിനത്തില്‍ ഹിന്ദുഐക്യവേദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു പ്രണയലേഖനം [അങ്ങനെ പറയാന്‍ പറ്റുമോ എന്നറിയില്ല].

2014, ഫെബ്രുവരി 1

മുരിക്കിന്‍ പൂവ് 

( ജിജില്‍ കെ വി )


മുരിക്കിന്‍ പൂവിന്റെ
ചുവപ്പാണ് നീ.
പടര്‍ന്നു കേറുമ്പോഴൊക്കെ
ചോര വാര്‍ന്നുപോകും.
ആയിരം മുള്ളുകള്‍
ഹൃദയത്തില്‍ കോറിയിട്ടും
എനിക്ക് നിന്നോടുള്ള പ്രേമം
ചുവന്നു നില്‍ക്കുന്നു.